ഡി.കെ ശിവകുമാറിനെ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്ത ഡി.കെ ശിവകുമാറിനെ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. ശിവകുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അപ്രസക്തമായ മറുപടിയാണ് നല്‍കുന്നതെന്നും എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ ശിവകുമാറിന് സാധിച്ചില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 20 രാജ്യങ്ങളിലായുള്ള 317 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. മാത്രമല്ല ഏതാണ്ട് 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുക്കളും ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. കേസില്‍ വാദം തുടരുകയാണ്.

ഇതുവരെ ലഭിക്കാത്ത എന്ത് തെളിവാണ് അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ശിവകുമാറില്‍ നിന്ന് ലഭിക്കുക എന്ന് കോടതി ചോദിച്ചെങ്കിലും ചില കൂട്ടു പ്രതികളെക്കുറിച്ചും ഇവരുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപത്തെക്കുറിച്ചും ചോദിച്ചറിയുവാനുണ്ട് എന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ശിവകുമാറിന്റെ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

Top