ഐഎന്‍എക്സ് മീഡിയാ കേസ്; ചോദ്യം ചെയ്യലിനൊടുവില്‍ ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിഹാര്‍: ഐഎന്‍എക്സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് അറസ്റ്റ് ചെയ്തു. തിഹാര്‍ ജയിലിലെത്തി രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് രാവിലെ തിഹാര്‍ ജയിലിലെത്തിയത്. സിബിഐ കേസില്‍ റിമാന്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരും തിഹാര്‍ ജയിലില്‍ എത്തിയിരുന്നു.

ചിദംബരത്തെ ചോദ്യം ചെയ്യാന്‍ മൂന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് ചൊവ്വാഴ്ച ഡല്‍ഹി പ്രത്യേക കോടതി അനുവാദം നല്‍കിയിരുന്നു. ചോദ്യം ചെയ്തതിന് ശേഷം തിഹാര്‍ ജയിലില്‍ വച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് ഡല്‍ഹി സിബിഐ കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. ഐഎന്‍എക്സ് മീഡിയ കേസില്‍ 305 കോടിയുടെ വിദേശ നിക്ഷേപം നടത്തിയതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ ആരോപണം. കേസില്‍ തുടര്‍ അന്വേഷണങ്ങള്‍ക്കായി അറസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ കിട്ടാനുമായി ഇ.ഡി കഴിഞ്ഞ ദിവസമാണ് റോസ് അവന്യു കോടതിയില്‍ അപേക്ഷ നല്‍കിയത്.

ഇതിന് പിന്നാലെയാണ് ഇന്ന് തിഹാര്‍ ജയിലില്‍ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യാന്‍ സിബിഐ കോടതി അനുമതി നല്‍കിയത്. അറസ്റ്റിന് ശേഷം കസ്റ്റഡിക്ക് വേണ്ടിയുള്ള അപേക്ഷ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തുടങ്ങിയതിനിടെയാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടന്നത്.

ഓഗസ്റ്റ് 21ന് അഴിമതിക്കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത പി ചിദംബരം സെപ്റ്റംബര്‍ അഞ്ചാം തീയതി മുതല്‍ തിഹാറിലെ ഏഴാം നമ്പര്‍ ജയിലിലാണ് ഉള്ളത്.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎന്‍എക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതല്‍മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സി.ബി.ഐയുടെ കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഇതിനായി പണം പറ്റിയതായാണ് ആരോപണം.

കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തെ ചോദ്യംചെയ്യാന്‍ നേരത്തെ ഇഡിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്തോളാം എന്നായിരുന്നു ഇഡി മറുപടി നല്‍കിയിരുന്നത്.

Top