രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് പ്രാധാന്യമില്ല: സഞ്ജയ് റാവുത്ത്.

മുംബൈ• രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്പോലുള്ള ഏജൻസികൾക്ക് പ്രാധാന്യമില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റിവ് ബാങ്കിന് 4355 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ വായ്പാ ക്രമക്കേടുകേസിൽ ഭാര്യ വർഷാ റാവുത്തിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ‘മുഖാമുഖം’ വേണം നടത്താൻ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടു ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ശിവസേന അതിന്റെ വഴിക്കു മറുപടി നൽകിക്കോളും.

പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഇഡി, സിബിഐ, ഇൻകംടാക്സ് വിഭാഗം തുടങ്ങിയവയുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നേരത്തേ ഈ ഏജൻസികൾ എന്തെങ്കിലും നടത്തിയാൽ അവിടെ ഗുരുതര പ്രശ്നമുണ്ടെന്നു തോന്നിയിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാഷ്ട്രീയ പാർട്ടികളുടെ പ്രതികാരത്തിനു വേണ്ടിയുള്ള നടപടികളാണ് ഉണ്ടാകുന്നത്.’ – റാവുത്ത് പറഞ്ഞു. ‘ബിജെപിയെക്കുറിച്ചൊരു ഫയൽ എന്റെ കൈവശം ഉണ്ട്. അതിൽ 121 പേരുകളുണ്ട്. അത് ഉടൻ ഇഡിക്കു കൈമാറും. അഞ്ചു വർഷമെങ്കിലും ഇഡി അതിന്റെ പിന്നാലെ നടക്കേണ്ടിവരും. അത്രയധികം പേരുകളാണ് അതിലുള്ളത്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Top