ശിവശങ്കര്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന് ഇഡി

കൊച്ചി: എം ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഒത്താശ ചെയ്തുവെന്നും എന്‍ഫോഴ്‌സ്‌മെന്റ്. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും കഴിഞ്ഞ നവംബര്‍ 11ന് ഇത് സംബന്ധിച്ച വാട്‌സാപ്പ് സന്ദേശം അയച്ചുവെന്നും ഇഡി പറയുന്നു.

കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നത് കൊണ്ടാണ് മൂന്നാമത്തെ ലോക്കര്‍ തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടതെന്ന് ഇഡി പറയുന്നു. നയതന്ത്ര ബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാന്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു. കഴിഞ്ഞ മാസം 15നാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫീസറെ വിളിച്ചതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയയിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുളള ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും. എന്നാല്‍, ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.

Top