Endosulphan-V.S

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളും അമ്മമാരും സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉടന്‍ നിരാഹാരം തുടങ്ങും.

ഇതുസംബന്ധമായ തന്റെ നിലപാട് വി.എസ് സിപിഎം നേതൃത്വത്തെ അറയിച്ചു.

കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ സമരത്തിലേക്ക് വലിച്ചിഴച്ച് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭിക്കുംവരെ താനും നിരാഹാരം തുടരുമെന്നുമാണ് വി.എസിന്റെ നിലപാട്.

ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വി.എസ് നിരാഹാരം തുടങ്ങമെന്ന് അദ്ദേഹത്തിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാറില്‍ പൊമ്പിളൈ ഒരുമെയുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധമാക്കിയത് അവരോടൊപ്പം ചേര്‍ന്നുള്ള വി.എസിന്റെ ഒമ്പത് മണിക്കൂര്‍ നിരാഹാര സമരമായിരുന്നതിനാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വി.എസ് നിരാഹാരം ഇരിക്കുന്നത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാകും.

93 വയസുകാരനായ വി.എസിന്റെ നിരാഹാരം ജീവന്‍ പണയംവച്ചുള്ള നീക്കമായതിനാല്‍ വലിയ പ്രതിഷേധം സര്‍ക്കാരിന് നേരിടേണ്ടി വരുമെന്നതും ഉറപ്പാണ്.

എന്‍ഡോസള്‍ഫാന്‍ ദിരിത ബാധിതര്‍ നിരാഹാരം ആരംഭിച്ച ഇന്നലെ തന്നെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രത്യേക സപ്ലിമെന്റ് പുറത്തിറക്കിയതും വി.എസിനെ സമരത്തിന്റെ ഉദ്ഘാടകനാക്കിയതിനെ വിമര്‍ശിച്ചും സമരത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതുമാണ് വി.എസിനെ പ്രകോപിപ്പിച്ചത്.

സമരക്കാര്‍ക്ക് നീതി ലഭിക്കാതെ തലസ്ഥാനം വിടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് വി.എസിന്റെ ഉറപ്പ്. നിരാഹാരത്തിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വി.എസിന്റെ ഓഫീസ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ക്ക് രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സഹായം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കാലം ഉമ്മന്‍ചാണ്ടിക്ക് മാപ്പ് നല്‍കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് വി.എസ് ഇന്നലെ പറഞ്ഞിരുന്നു. നിവര്‍ന്നിരിക്കാന്‍ പോലുമാകാത്ത കുട്ടികളെയും കൊണ്ടാണ് ഈ അമ്മമാരുടെ സമരമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചിരുന്നു.

2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി കഞ്ഞിവെപ്പ് സമരം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രണ്ടുവര്‍ഷം കഴിയുമ്പോഴും ഭാഗികമായി ചില നടപടികളെടുത്തതല്ലാതെ പ്രധാന ആവശ്യങ്ങളില്‍ നടപടികളുണ്ടായിരുന്നില്ല.

Top