എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും പ്രധിഷേധ സമരം ശക്തമാക്കും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും പ്രതിഷേധ മുഖത്തേക്ക്. അടുത്ത മാസം അഞ്ചിന് കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിലേക്ക് സമര സമിതി മാര്‍ച്ച് സംഘടിപ്പിക്കും. ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ദുരിതബാധിരാണെന്ന് കണ്ടെത്തിയിട്ടും പട്ടികയിലുള്‍പ്പെടാതെ പോയ 1031 പേരെ പരിഗണിക്കുക എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മരുന്നും ചികിത്സയും ലഭ്യമാക്കുക, എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് കിട്ടേണ്ട നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നോ കമ്പനിയില്‍ നിന്നോ വാങ്ങി നല്‍കാനുള്ള നിയമ നടപടികളിലേക്ക് കടക്കുക, സര്‍ക്കാരിന്റെ വിവാദ ഉത്തരവ് പിന്‍വലിക്കുക എന്നിവയാണ് ദുരിതബാധിതര്‍ നിരന്തരം ഉന്നയിക്കുന്നത്. സമരത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ദുരിതബാധിതര്‍ പറഞ്ഞിരുന്നു.

ജനുവരി 30 നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്. സമരം തുടങ്ങി 35 ദിവസം പിന്നിടുമ്പോഴും ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ വന്നതോടെയാണ് പ്രതിഷേധ സമരം വീണ്ടും ശക്തമാക്കുന്നത്. മാര്‍ച്ച് അഞ്ചിന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആര്‍ഡിഒ ഓഫീസിലേക്കാണ് സമരസമിതിയുടെ പ്രതിഷേധ മാര്‍ച്ച്.

Top