നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്കൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

കാസര്‍കോഡ്: അനിശ്ചിതകാല സമരത്തിലേക്കൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നാളെ മുതലാണ് സമരം. ദുരിതബാധിതരെ പട്ടികയില്‍ ഉള്‍പ്പെടുത്തുക, മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 2017ലെ മെഡിക്കല്‍ ക്യാമ്പിന് ശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് കാരണമില്ലാതെ ഒഴിവാക്കുകയും ചെയ്ത 1031 പേരെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ട ആവശ്യം.

നിലവില്‍ വിദഗ്ധ ചികിത്സയ്ക്ക് കര്‍ണാടകയെ ആശ്രയിക്കുന്ന ദുരിതബാധിതര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച ചികിത്സ ഒരുക്കണം, സൗജന്യ മരുന്ന് ലഭ്യമാക്കണം, എന്‍ഡോസള്‍ഫാന്‍ സെല്‍ അടിയന്തരമായി യോഗം ചേരണം തുടങ്ങിയവയും സമര ആവശ്യത്തിലുണ്ട്. സൗജന്യമായി കിട്ടിയിരുന്ന മരുന്നുകള്‍ സര്‍ക്കാര്‍ പണം നല്‍കാത്തത് കാരണം ഇപ്പോള്‍ ലഭിക്കുന്നില്ല. ആയിരങ്ങള്‍ വലിയ വില വരുന്ന മരുന്ന് സ്ഥിരമായി വാങ്ങേണ്ടി വരുന്നത് സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങള്‍ക്ക് തിരിച്ചടിയാണ്. പല ദുരിതബാധിതരുടെയും ചികിത്സയും മുടങ്ങിയിട്ടുണ്ട്.

മന്ത്രി മുഹമ്മദ് റിയാസാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചെയര്‍മാന്‍. മുഹമ്മദ് റിയാസ് ചെയര്‍മാനായ ശേഷം ഒരേയൊരു തവണ മാത്രമാണ് യോഗം ചേര്‍ന്നിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഈ യോഗം. ഇതോടെ മെഡിക്കല്‍ പരിശോധനകള്‍, ക്യാമ്പുകള്‍ ഇവയെല്ലാം മുടങ്ങി. പലതവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് രോഗബാധിതരെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തി അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്.

Top