Endosulfan; pinarayi statement in niyamasabha

pinarayi

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിഷാംശം അടക്കം മണ്ണിന്റെയും ജലത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ പഠിക്കേണ്ടതുണ്ട്. ദുരിത ബാധിത മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കുമെന്നും എം.രാജഗോപാലന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

പുനരധിവാസ ഗ്രാമം ഉടന്‍ പൂര്‍ത്തിയാക്കും.ധനസഹായം സംബന്ധിച്ച പരാതികള്‍ പരിഹരിക്കും. ജില്ലാ ആശുപത്രി വികസനം നടപ്പാക്കും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേങ്ങത്താനം മാളിക അരുവിയില്‍ കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവം ചൂണ്ടിക്കാട്ടി രാത്രിയും പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്ന ആവശ്യം പി.സി.ജോര്‍ജ് ഉന്നയിച്ചെങ്കിലും കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമായ കേസുകളില്‍ ഇത് സാദ്ധ്യമല്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ വീടും ഭൂമിയും കിട്ടാനുളളവര്‍ക്ക് ഉടന്‍ നല്‍കുമെന്ന് ജോര്‍ജ് എം. തോമസിന്റെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.

ജലാശയങ്ങളിലെയും ഇടത്തോടുകളിലെയും പായല്‍ നീക്കല്‍ ജോലിയെ ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഈ ചുമതല ഏറ്റെടുക്കണമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്തതും ആവര്‍ത്തന സ്വഭാവമുളളതുമായ ജോലികള്‍ തൊഴില്‍ ഉറപ്പ് പദ്ധതി പരിധിയില്‍ വരില്ലെന്നതാണ് വ്യവസ്ഥയെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയുടെ സവിശേഷത കണക്കിലെടുത്ത് പ്രത്യേക ഇളവ് വേണമെന്ന വിഷയം യു.പ്രതിഭാഹരിയാണ് സബ്മിഷനായി ഉന്നയിച്ചത്

Top