വേദനയും വിഷമവും മനസ്സിലാക്കിയവര്‍ക്ക് നന്ദി; കണ്ണീരോടെ ദയാഭായി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമര സമിതിക്കൊപ്പം നിന്നവര്‍ക്കെല്ലാം നന്ദി അറിയിച്ച് ദയാഭായി. സര്‍ക്കാരുമായുള്ള സമരസമിതിയുടെ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ വേദനയും വിഷമവും കഷ്ടപ്പാടും മനസ്സിലാക്കിയ എല്ലാവര്‍ക്കും തന്റെ സ്‌നേഹവും നന്ദിയും ദയാഭായി അറിയിച്ചത്.

തനിക്കെതിരെ പറഞ്ഞവരോടൊന്നും ദേഷ്യമോ വിഷമമോ ഇല്ലെന്നും, അതെല്ലാം താന്‍ ഈ സമരത്തിന് നല്‍കിയ വിലയാണെന്നും ദയാഭായി കൂട്ടിച്ചേര്‍ത്തു. എന്‍ഡോസള്‍ഫാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചത്.

2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ശാരീരികാവശതകള്‍ ഉള്ളവരായി കണ്ടെത്തിയ 1905 പേരുടെ പട്ടികയുണ്ടാക്കിയിരുന്നു. ഇതില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികള്‍ക്ക് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ചര്‍ച്ചയിലെ പ്രധാന ധാരണ.

Top