എന്‍ഡോസള്‍ഫാന്‍ ക്യാമ്പ്; പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന്

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ഇരകളായവരെ കണ്ടെത്താന്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. നിലവില്‍ കാസര്‍ഗോഡ് ഇന്ന് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമില്ലാത്തവരെ പരിഗണിച്ചാണ് ഈ തീരുമാനം. ഇന്നത്തെ ക്യാമ്പില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ ക്യാമ്പ് തടയുമെന്ന സമരസമിതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

2017 ലെ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടും അവസരം കിട്ടാത്ത 275 പേര്‍ക്ക് മാത്രമാണ് ഇന്നത്തെ ക്യാമ്പില്‍ പ്രവേശനം ലഭിച്ചത്. കോഴിക്കോട് കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി എത്തിയ 16 വിദഗ്ദ ഡോക്ടര്‍മാര്‍ നടത്തുന്ന പരിശോധനയില്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ക്യാമ്പിനെത്തുന്ന മറ്റുള്ളവരേയും പരിശോധിക്കണമെന്നാവശ്യം ഉയര്‍ന്നതോടെ തര്‍ക്കമായി. ഇവര്‍ക്കും പ്രവേശനം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ജില്ലാ കളക്ടറെ വിളിച്ചാണ് തീരുമാനം അറിയിച്ചത്. അര്‍ഹരായ എല്ലാവര്‍ക്കും മെഡിക്കല്‍ ക്യാമ്പില്‍ പ്രവേശനം നല്‍കണമെന്നും അല്ലെങ്കില്‍ ക്യാമ്പ് തടയുമെന്നും നേരത്തെ സമരസമിതി വ്യക്തമാക്കിയിരുന്നു.

Top