മകരമാസ പൂജകള്‍ പൂര്‍ത്തിയായി; ശബരിമല ക്ഷേത്രനട മറ്റന്നാള്‍ അടയ്ക്കും

ശബരിമല: മകര വിളക്കുത്സവത്തിന്റെ പൂജകള്‍ പൂര്‍ത്തിയായതോടെ ശബരിമല ക്ഷേത്രനട മറ്റന്നാള്‍ അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് നാളെ രാത്രി വരെ മാത്രമേ ദര്‍ശനം ഉണ്ടാകു. എന്നാല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കുകയില്ല. നട അടക്കുന്ന മറ്റന്നാള്‍ പന്തളം രാജപ്രതിനിധിക്ക് മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. മകര വിളക്കുത്സവത്തിനായി നട തുറന്നത് മുതല്‍ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള തീര്‍ത്ഥാടകരുടെ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് രാത്രി നട അടയ്ക്കുന്നതിന് മുമ്പ് മാളികപ്പുറം ക്ഷേത്രത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള അചാരപരമായ എഴുന്നെള്ളിപ്പ് നടക്കും.

ക്ഷേത്രനട അടച്ച ശേഷം താക്കോലുമായി മേല്‍ശാന്തി പതിനെട്ടാംപടിയുടെ താഴെയെത്തി രാജ പ്രതിനിധിക്ക് താക്കോലും നടവരവിന്റെ പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി പണക്കിഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്ര ചെലവുകള്‍ക്കായി മേല്‍ശാന്തിക്ക് തിരികെ നല്‍കും. ഇതോടെയാണ് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ ആചാര പ്രകാരമുള്ള ചടങ്ങുകളും പൂര്‍ത്തിയാവുക. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 ന് മാത്രമേ ഇനി ക്ഷേത്ര നട തുറക്കുകയുള്ളൂ.

Top