ചരിത്രത്തിന് അവസാനം കുറിച്ച് ജിഎം ഹോല്‍ഡന്‍ ലിമിറ്റഡ്

സിഡ്‌നി ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിന് അവസാനം കുറിച്ച് ഓസ്‌ട്രേലിയയിലെ കാര്‍ നിര്‍മാണ വ്യവസായശാല.

യുഎസ് നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ യൂണിറ്റായ ജിഎം ഹോല്‍ഡന്‍ ലിമിറ്റഡാണ് കാര്‍ നിര്‍മ്മാണം അവസാനിപ്പിച്ചത്.

അഡ്‌ലെയ്ഡിലെ പ്ലാന്റില്‍ നിന്ന് വെള്ളിയാഴ്ച അവസാന കാര്‍ പുറത്തിറങ്ങിയതു കാണാന്‍ ഒട്ടേറെ ഹോല്‍ഡന്‍ ഉപയോക്താക്കള്‍ എത്തിയിരുന്നു.

ടൊയോട്ടയും ഫോഡും ചെലവുകുറഞ്ഞ നിര്‍മാണ കേന്ദ്രങ്ങളിലേക്കു മാറിയതോടെ ഓസ്‌ട്രേലിയയില്‍ അവശേഷിച്ച ഏക വാഹന ഉല്‍പാദക സ്ഥാപനമായിരുന്നു ജിഎം ഹോല്‍ഡന്‍.

നിര്‍മാണ മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളാണ് കാര്‍ കമ്പനികള്‍ പൂട്ടിപ്പോയതോടെ ഇല്ലാതായത്.

പൊതു തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കെ നിര്‍മാണ മേഖലയിലെ തൊഴില്‍ നഷ്ടം ഭരണകക്ഷിക്ക് വന്‍ വെല്ലുവിളിയാണ്.

ജോലി നഷ്ടപ്പെട്ട രണ്ടായിരത്തോളം വാഹന നിര്‍മാണത്തൊഴിലാളികള്‍ക്കു തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ജിഎം ഹോല്‍ഡന്‍ അവരുടെ കാര്‍ നിര്‍മാണശാല ജര്‍മനിയിലേക്കാണ് മാറ്റുന്നത്.

അവിടെ ആധുനിക ഓട്ടമേഷന്‍ സംവിധാനങ്ങളുടെ സഹായത്തോടെ ചെലവു കുറഞ്ഞ ഉല്‍പാദനം സാധ്യമാക്കാമെന്നാണു കമ്പനിയുടെ പ്രതീക്ഷ. 1948–ലാണ് ജിഎം ഹോല്‍ഡന്‍ ഓസ്‌ട്രേലിയയില്‍ ഉല്‍പാദനംതുടങ്ങിയത്. ഓസ്‌ട്രേലിയയില്‍ വലിയ പാസഞ്ചര്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് കമ്പനിക്കു തിരിച്ചടിയായത്.

ഓസ്‌ട്രേലിയക്കാരുടെ താല്‍പര്യം ഇന്ധനക്ഷമതയുള്ള ചെറുകാറുകളിലേക്കും എസ്‌യുവികളിലുമാണിപ്പോള്‍.

വിദേശ നിര്‍മാതാക്കള്‍ ഈ അവസരം നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. ജിഎം ഹോല്‍ഡന്‍ എസ്‌യുവികള്‍ വിപണിയിലെത്തിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ ഉപയോക്താക്കളുടെ മനസ്സു പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Top