വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക; ഇന്ന് ലോക സമാധാന ദിനം

ന്ന് ലോക സമാധാന ദിനം. യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ സന്ദേശം. റഷ്യയുടെയും ഉക്രയിന്റെയും യുദ്ദവാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സമാധാന ദിനം ആചരിക്കുന്നത്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി ആചരിക്കുന്നു.

ജനാധിപത്യത്തിന്റെയും മനുഷ്യരാശിയുടെയും നിലനില്‍പ്പ് തന്നെ സമാധാനത്തില്‍ ഊന്നിയാണ്. യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല സമാധാനം. മെച്ചപ്പെട്ട ജീവിത നിലവാരത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യത്തിലാണ് സമാധാനമായി ഒരു വ്യക്തിക്ക് ജീവിക്കാന്‍ കഴിയുക. സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ആശയങ്ങള്‍ ജീവിതത്തില്‍ ലഭിക്കുമ്പോഴേ സമാധാനം എന്ന വാക്ക് അര്‍ത്ഥമാവുകയൊള്ളു. ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജനത എന്ന നിലയില്‍ നമ്മുടെ അടിയന്തര ശ്രമം യുദ്ധമില്ലാത്ത ലോകത്തിന് വേണ്ടി കൂടിയാകണം.

യുദ്ധങ്ങള്‍ ഒഴിവാക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന മാര്‍ഗ്ഗമാണ് ലോകസമാധാനത്തിന് വിത്തുപാകുന്നത്. പരസ്പര ബഹുമാനം ഇല്ലായ്മ മനുഷ്യാവകാശങ്ങളോടുളള അവജ്ഞ എന്നിവ അപരിഷ്‌കൃതമായ പ്രവൃത്തികള്‍ക്ക് കാരണമാവുന്നത്. സമാധാനത്തിന്റെ സംസ്‌കാരം കെട്ടിപ്പടുക്കുന്ന വ്യക്തികളുടെ പ്രയത്നങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും കൂടിയുള്ള ദിവസമാണിത്. ശത്രുതക്കും വിദ്വേഷത്തിനുമെതിരെ പോരാടാന്‍ ലോകമെമ്പാടുമുള്ള ഓരോ വ്യക്തിയോടും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു.

Top