ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ല; പാര്‍വതി തിരുവോത്ത്

സൂപ്പര്‍ ഹീറോയാകുന്നുവെന്ന വാര്‍ത്തക്ക് വിരാമമിട്ടുകൊണ്ട് പാര്‍വതി തിരുവോത്ത് രംഗത്ത്. ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ലെന്ന് പാര്‍വതി തിരുവോത്ത് ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാന്‍ പാര്‍വതി തിരുവോത്ത് ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ദുല്‍ഖറായിരിക്കും നിര്‍മാണം എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇത് അഭ്യുഹമാണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി. താരത്തിന്റെതായ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് തങ്കലാനാണ്.

വിക്രം നായകനാവുന്ന ചിത്രത്തില്‍ ജി വി പ്രകാശ് കുമാറാണ് സംഗീതം. തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാര്‍വതി തിരുവോത്തിനൊപ്പം മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷത്തില്‍ എത്തുന്നു. ചിയാന്‍ വിക്രം നായകനായി വേഷമിടുന്ന ചിത്രം തങ്കലാന്‍ ജനുവരി 26 ന് റിലീസ് ചെയ്യും.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലാണ് ചിത്രം എത്തുന്നത് എന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top