എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ രാജി നല്‍കി; ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം

അന്ധേരി: മഹാരാഷ്ട്ര പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ രാജിക്കത്ത് നല്‍കി. 35 വര്‍ഷത്തെ സര്‍വ്വീസിനിടെ 150 കൊടും കുറ്റവാളികളെ പ്രദീപ് ശര്‍മ്മ എന്‍കൗണ്ടര്‍ ചെയ്തിട്ടുണ്ട്.

നിലവില്‍ താനെ ആന്റി എക്‌സ്‌ടോര്‍ഷന്‍ സെല്ലിന്റെ തലവനായി സ്ഥാനം വഹിക്കുന്ന പ്രദീപ് ശര്‍മ ഡി.ജി.പിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന പ്രദീപ് ശര്‍മ ഈ അടുത്തകാലത്താണ് വീണ്ടും സര്‍വ്വീസിലേക്ക് തിരിച്ചെത്തുന്നത്.

പൊലീസ് ജീവിതം അവസാനിപ്പിച്ച് രാഷ്ടീയക്കുപ്പായം അണിയാനാണ് പ്രദീപിന്റെ തീരുമാനം എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ അന്ധേരിയില്‍ നിന്നോ നലാസോപ്പാരയില്‍ നിന്നോ ജനവിധി തേടുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രദീപ് ശര്‍മ ശിവസേന ടിക്കറ്റില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് മറ്റൊരു അഭ്യൂഹം.

വ്യാജ ഏറ്റുമുട്ടല്‍ ആരോപണവുമായി ബന്ധപ്പെട്ട് 2008-ലാണ് പ്രദീപ് സസ്‌പെന്‍ഷനിലായത്. കേസില്‍ പ്രദീപ് അടക്കം 13 പൊലീസുകാരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് 2013-ല്‍ പ്രദീപ് കുറ്റവിമുക്തനായെങ്കിലും അന്നത്തെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ അദ്ദേഹത്തെ തിരികെ സര്‍വീസില്‍ എടുക്കുന്ന കാര്യത്തില്‍ താത്പര്യം കാണിച്ചില്ല. പിന്നീട് പ്രദീപ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന സൂചനകള്‍ വന്നതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

മുംബൈ അധോലോകത്തെ തന്നെ വിറപ്പിച്ച പ്രദീപ് ശര്‍മ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറിനെവരെ അറസ്റ്റുചെയ്തിട്ടുണ്ട്.

Top