പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.

ഗുസ്സോയില്‍ ഭീകരരുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ്, 53 ആര്‍ആര്‍, സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

തിരച്ചിലിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സേനയുടെ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. രണ്ടോ മൂന്നോ ഭീകരര്‍ പ്രദേശത്ത് ഒളിച്ചുകഴിയുന്നതായി സൂചനയുണ്ടെന്ന് പോലീസ് വക്താവറിയിച്ചു. മറ്റൊരു സൈനികനും പോലീസുദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top