ദിശാ കേസ്; തെലങ്കാന പൊലീസ് നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി:തെലുങ്കാനയില്‍ മാനഭംഗക്കേസിലെ പ്രതികള്‍ പോലീസ് വെടിവയ്പില്‍ മരിച്ച സംഭവത്തില്‍ തെലങ്കാന പൊലീസ് നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഏറ്റുമുട്ടല്‍ നടന്നതെങ്ങനെ എന്നതില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ഏറ്റുമുട്ടല്‍ നടന്നതെങ്ങനെ? യഥാര്‍ത്ഥത്തില്‍ പ്രതികള്‍ തോക്ക് തട്ടിപ്പറിച്ച് ഓടിയതാണോ? അതോ പൊലീസ് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണോ? എന്നതെല്ലാം അന്വേഷിക്കാന്‍ ഉത്തരവിടണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം.

അതേസമയം സംഭവത്തില്‍ സ്വമേഥയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണിപ്പോള്‍.

അതിനിടെ പ്രതികളുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ 9 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അക്രമിക്കുകകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.തുടര്‍ന്ന് വെടിവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു എന്നാണ് സൈബരാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞത്.

എന്നാലിത് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും മറയ്ക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന വ്യാപകമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ രണ്ടംഗബഞ്ച്, കേസ് കേള്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ന് നാല് പ്രതികളുടെയും ഓട്ടോപ്‌സി നടത്തുമ്പോള്‍ അത് വീഡിയോ ആയി ചിത്രീകരിക്കണമെന്നും, ഇന്ന് വൈകിട്ടോടെ തന്നെ ഇത് കോടതിയുടെ റജിസ്ട്രിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.തിങ്കളാഴ്ച രാവിലെ 10.30യ്ക്കാണ് കേസ് വാദം കേള്‍ക്കുക.

പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.

ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

Top