Encounter in Poonch sector

ശ്രീനഗര്‍ : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അശാന്തി വിട്ടൊഴിയാത്ത കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഞായറാഴ്ച മൂന്നു ഭീകരരെ വധിച്ച അതേ സ്ഥലത്തു തന്നെയാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്.

പൂഞ്ച് പട്ടണത്തില്‍ പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപമാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറ!ഞ്ഞു. കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ ആണ് ഇന്നു വീണ്ടും വെടിവയ്പ്പ് നടത്തിയതെന്നാണ് ആദ്യ വിവരം. സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപം ഇന്നലെ രാവിലെ ഏഴരയോടെ മൂന്നു ഭീകരര്‍ രണ്ടു സ്ഥലങ്ങളില്‍നിന്നു സൈനികത്താവളത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് ഇവരെ നേരിടുന്നതിനിടയിലാണു പൊലീസുകാരനായ ആര്‍.കുമാര്‍ കൊല്ലപ്പെട്ടത്. മന്‍സൂര്‍ ഹുസൈന്‍ എന്ന മറ്റൊരു പൊലീസ് ഓഫിസര്‍ക്കും നാട്ടുകാരനും പരുക്കേറ്റിരുന്നു. ഈ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. കുപ്‌വാര വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാലു ഭീകരരെയും സൈന്യം ഇന്നലെ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ സംഭവം

കാശ്മീരിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് ഈദിന് മുമ്പ് കൂടുതല്‍ ആക്രമണങ്ങള്‍ നടക്കും എന്ന വിവരങ്ങള്‍ ശരിവക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍. കാശ്മീരില്‍ കഴിഞ്ഞ 65 ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളിലും ജനങ്ങളുടെ പ്രതിഷേധങ്ങളിലും ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 79ആണ്.

Top