‘Encounter Cop’ Daya Nayak Reinstated In Police Force

മുംബൈ: ലഷ്‌കറെ ത്വയ്ബ ഭീകരരുടെയും അധോലോക സംഘത്തിന്റെയും പേടിസ്വപ്‌നമായ സബ്ഇന്‍സ്‌പെക്ര്‍ ദയാ നായക് വീണ്ടും മുംബൈ പൊലീസില്‍.കര്‍ണ്ണാടക സ്വദേശി ദയാ നായക്കിനെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തത്.

കഴിഞ്ഞ ജൂണിലായിരുന്നു നായക്കിനെ സസ്‌പെന്‍ഡ് ചെയ്തത്. ദീര്‍ഘനാളായി രോഗാവധിയില്‍ പ്രവേശിക്കുകയും തിരിച്ചു ജോലിക്കു കയറാതിരിക്കുകയും ചെയ്തതാണ് അന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം. നാഗ്പൂരിലേക്കു സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് ചാര്‍ജ് എടുക്കാതെ ദയാ നായക് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

മൂന്നു ലഷ്‌കറെ തയിബ ഭീകരന്മാരും വിനോദ് മട്ക്കര്‍, റഫീഖ് ദബ്ബ, സാദിഖ് കാലിയ അടക്കം 80ല്‍ പരം കൊടും കുറ്റവാളികളുമാണ് ദയാ നായകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ഏറ്റുമുട്ടലില്‍ പിടഞ്ഞു മരിച്ചത്.

നേരത്തെ, ആറുവര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം 2012 ജൂണിലായിരുന്നു ദയാ നായക് സര്‍വീസില്‍ തിരിച്ചുകയറിയത്. അനധികൃത സ്വത്ത് സമ്പാദന കേസിനെത്തുടര്‍ന്നാണ് അന്നു ദയാ നായക്കിനെ സസ്‌പെന്‍ഡ് ചെയ്തത്. മഹാരാഷ്ട്ര അഴിമതി വിരുദ്ധ സ്‌ക്വാഡാണ് നായകിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. സ്വദേശത്ത് ഒരു കോടി രൂപ മുടക്കി സ്‌കൂള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ചാര്‍പ്പോക്കില്‍ ആഢംബര ഫ്‌ളാറ്റുണ്ടെന്നും മറ്റ് അവിഹിത സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഭാര്യ കോമളവും ഇതില്‍ പങ്കാളിയാണെന്നും അഴിമതി വിരുദ്ധ ബ്യൂറോ വാദിച്ചിരുന്നു.

ഈ നടപടിക്കെതിരെ അന്നത്തെ മഹാരാഷ്ട്ര ഡിജിപി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇദ്ദേഹത്തിനെതിരായ നടപടി ചില ബാഹ്യ പ്രേരണയിലാണെന്ന ആക്ഷേപമാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്മാര്‍ക്കുണ്ടായിരുന്നത്.

നായിക്കിനെതിരെ വിജിലന്‍സ് ചുമത്തിയ കുറ്റങ്ങള്‍ ദുര്‍ബലവും കെട്ടിച്ചമച്ചതുമായിരുന്നു. സബ്ഇന്‍സ്‌പെക്ടര്‍ക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതെല്ലെന്നും ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും കോടതി വിധിച്ചതിനെ തുടര്‍ന്നാണ് ദയാ നായക്കിനെ അന്നു തിരിച്ചെടുത്തിരുന്നത്.

1995 ബാച്ചില്‍ എസ്‌ഐയായാണ് നായക് മുംബൈ പൊലീസില്‍ ചേര്‍ന്നത്. ഏറ്റുമുട്ടല്‍ കേസുകളില്‍ എപ്പോഴും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ആളാണ് ദയാ നായക്. അധോലോകത്തിന്റെ തേര്‍വാഴ്ച്ചയില്‍ മഹാനഗരം ഭീതിയുടെ മുള്‍മുനയില്‍ നിന്ന കാലമായിരുന്നു അത്. ജോലിയില്‍ ചേര്‍ന്നയുടന്‍ ചുരുങ്ങിയ വര്‍ഷത്തിനകം തന്റെ കുറ്റന്വേഷണ പാടവവും സാമര്‍ത്ഥ്യവും, സത്യസന്ധതയും തെളിയിച്ച ദയാ നായക് മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നമായി മാറുകയായിരുന്നു.
അധോലോക നേതാവ് ഛോട്ടാരാജന്‍ സംഘത്തെ മുംബൈയില്‍ നിന്നു തുരത്തുന്നതില്‍ ദയാ നായക്കിന്റെ പങ്കു വളരെ വലുതാണ്.

അധോലോകവുമായുള്ള ഏറ്റുമുട്ടലിന് സമാനമായി സേനക്കകത്തെയും ഒരുവിഭാഗവുമായി ‘ഏറ്റുമുട്ടേണ്ടി’ വന്നതിനെ തുടര്‍ന്ന് ഇപ്പോഴും സര്‍വ്വീസില്‍ കയറിയ അതേ തസ്തികയില്‍ തന്നെ ജോലി ചെയ്യേണ്ട ഗതികേടിലാണ് ഈ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്. ഇദ്ദേഹത്തിന്റെ കൂടെ സര്‍വ്വീസില്‍ കയറിയ പലരും ഇപ്പോള്‍ മഹാരാഷ്ട്ര പൊലീസില്‍ ഡിവൈഎസ്പിമാരും എസ്പിമാരുമൊക്കെയാണ്.

Top