കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു, ബുഡ്ഗാമിൽ 5 ഭീകരർ അറസ്റ്റിൽ

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ദ്ശിവ ഗ്രാമത്തില്‍ സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍.

ഭീകരതാവളത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന ഇന്നലെ അര്‍ധരാത്രി പ്രദേശം വളയുകയായിരുന്നു. സുരക്ഷാ സേന വലയം ശക്തമാക്കിയപ്പോള്‍, തീവ്രവാദികള്‍ അവരുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

തെക്കന്‍ കശ്മീരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാസേന വന്‍തോതില്‍ ഭീകരവിരുദ്ധ നീക്കം നടത്തിയത്. ഒരു മാസത്തിനിടെ മുപ്പതിലധികം ഭീകരരെ വധിച്ചു.

അതേസമയം, ബുഡ്ഗാമിലെ നര്‍ബല്‍ പ്രദേശത്തു നിന്ന് അഞ്ച് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്‍ റാഷിദ്, ഇഫ്ഷാന്‍ അഹ്മദ് ഗാനി, ഒവൈസ് അഹമ്മദ്, മൊഹ്‌സിന്‍ ഖാദിര്‍, ആബിദ് റതര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് വന്‍ ആയുധശേഖരവും ലഷ്‌കറെ തയ്ബ അനുകൂല പോസ്റ്ററുകളും കണ്ടെടുത്തു.

Top