മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികളുടെ മരണം 128 ആയി; ബിഹാറില്‍ ഇന്ന് മാത്രം മരിച്ചത് 19 കുട്ടികള്‍

പാട്‌ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. ഇന്ന് മാത്രം 19 കുട്ടികളാണ് മരിച്ചത്.

പനി സ്ഥിരീകരിച്ച് മുസഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ മരണസംഖ്യ ഉയരുകയാണ്. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മസ്തിഷ്‌കജ്വരം ബാധിക്കുന്നത് ലിച്ചിപ്പഴങ്ങളില്‍ നിന്നാണെന്ന സംശയത്തെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഒഡീഷ സര്‍ക്കാര്‍ പഴങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചു. മരിച്ച കുട്ടികളില്‍ ഭൂരിഭാഗം പേരും ലിച്ചിപ്പഴങ്ങള്‍ കഴിച്ചതായി ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നുണ്ട്. ലിച്ചിപ്പഴങ്ങളില്‍ അടങ്ങിയ മെതിലിന്‍ സൈക്ലോപ്രൊപൈല്‍ ഗ്ലൈസിന്‍ എന്ന പദാര്‍ത്ഥം മതിയായ പോഷകാഹാരം കിട്ടാത്ത കുട്ടികളുടെ ശരീരത്തിലേക്ക് കടക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ കുറവുണ്ടാകുന്നതായും നേരത്തെ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യഹര്‍ജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. നാനൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്.

Top