മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികളുടെ മരണം 108 ആയി; ബീഹാര്‍ മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം

പാറ്റ്‌ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് , കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

മന്ത്രി രോഗികളെ സന്ദര്‍ശിക്കുന്നതിനിടെ നാട്ടുകാരും രോഗികളുടെ ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ സംഘടിച്ച് നീതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധിച്ചു. മരണനിരക്ക് ഉയരുമ്പോഴും സര്‍ക്കാര്‍ വേണ്ട നടപടി എടുക്കുന്നില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഒരു കിടക്കയില്‍ തന്നെ ഒന്നിലധികം കുട്ടികളെ കിടത്തുകയാണെന്നും പ്രാഥമിക സൗകര്യം പോലും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.

മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്. ഇവിടെ 330 കുട്ടികളെ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. കെജ്രിവാള്‍ ആശുത്രിയില്‍ 19 കുട്ടികള്‍ മരിച്ചു. ഇവിടെയും നിരവധി കുട്ടികള്‍ രോഗലക്ഷങ്ങളോടെ ചികില്‍സയിലാണ്. രണ്ട് ആശുത്രികളിലുമായി ചികില്‍സ തേടിയ കുട്ടികളില്‍ 12 കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബീഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ബീഹാറില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്. സംസ്ഥാനത്ത് ഇത്രയും ആശങ്കാ ജനകമായ ഒരു അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ആരോഗ്യ മന്ത്രിയ്ക്കെതിരെ വന്‍ വിമര്‍ശനം ഉയരുന്നുണ്ട്.മരിച്ച കുട്ടികളില്‍ കൂടുതലും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരയാതുകൊണ്ടാണ് വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണാത്തതെന്ന രാഷ്ട്രീയ ആരോപണവുമായി ആര്‍ജെഡി രംഗത്തെത്തി. വിദഗ്ധരുടെ കൂടുതല്‍ സംഘങ്ങളെ എത്തിക്കാനും ഈ രണ്ട് ആശുപത്രികളില്‍ കുട്ടികള്‍ക്ക് മാത്രമായി 100 ഐസിയു തുടങ്ങാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Top