മസ്തിഷ്‌കജ്വരം;ബീഹാര്‍ സർക്കാർ കുട്ടികളെ കൊല്ലുകയാണെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി:ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിനോയ് വിശ്വം എം പി രാജ്യ സഭയില്‍ വിഷയമുന്നയിച്ചു. കുഞ്ഞുങ്ങളെ സര്‍ക്കാര്‍ കൊല്ലുകയാണെന്നും അടിയന്തരമായി മരുന്നും പശ്ചാത്തല സൗകര്യവും കേന്ദ്രം ഒരുക്കണമെന്നും എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.നിരവധി എം പിമാരും ബിനോയ് വിശ്വത്തെ പിന്തുണച്ചു. ലോക്‌സഭയിലും വിഷയം ചര്‍ച്ചയായെടുത്തു.

വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ഇടത് എംപിമാര്‍ ആവശ്യപ്പെട്ടു. വലിയ പ്രതിസന്ധിയിലൂടെയാണ് ബീഹാര്‍ കടന്നു പോകുന്നതെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.ബിഹാറില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും എം പി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം 136 ആയി. ബിഹാറിലെ 16 ജില്ലകളിലെ അറുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മുസഫര്‍പൂറിന് പുറമെ സമസ്തിപൂര്‍, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു.വൈശാലിയിലെ ഹാജിപ്പൂരില്‍ പതിനഞ്ച് കുട്ടികളെത്തി. സമസ്തിപൂരില്‍ രോഗ ലക്ഷണങ്ങളുമായെത്തിയ ഏഴ് കുട്ടികളില്‍ മൂന്ന് പേരെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. അതിലൊരു കുട്ടി മരിച്ചു.

ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് , കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി 535 കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 93 കുട്ടികളാണ് മരിച്ചത്. ഇവിടെ 330 കുട്ടികളെ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. കെജ്രിവാള്‍ ആശുത്രിയില്‍ 19 കുട്ടികള്‍ മരിച്ചു. ഇവിടെയും നിരവധി കുട്ടികള്‍ രോഗലക്ഷങ്ങളോടെ ചികില്‍സയിലാണ്.

അതേ സമയം മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചിപ്പഴം ആണെന്ന് ആരോപണത്തില്‍ അന്വേഷണം നടന്നു വരികയാണ്. ലിച്ചിപ്പഴങ്ങള്‍ കുട്ടികള്‍ പട്ടിണിമാറ്റാന്‍ കഴിക്കാറുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. രോഗം പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ലിച്ചി പഴത്തിലടക്കം കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നിരവധി കുട്ടികള്‍ മരിക്കാനിടയായതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാന്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാനായി ഇന്നലെ ദാമോദര്‍പുരില്‍ എത്തി. കഫീല്‍ ഇവിടെ ക്യാമ്പ് ചെയ്താണു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിവരുന്നത്.

Top