ശമ്പളം വൈകിയതിനെ തുടർന്ന് ബെംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റിൽ സംഘർഷം

ബെംഗളുരു : ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാതാക്കളിലൊരാളായ വിസ്ട്രണ്‍ കോര്‍പറേഷന്റെ ബെംഗളുരു യൂണിറ്റ് ജീവനക്കാർ അടിച്ചുതകർത്തു. ശമ്പളം വൈകിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഒടുവിൽ സംഘർഷഭരിതമായത്. ശനിയാഴ്ച രാവിലെ 6.30 ന് 8000-ത്തോളം വരുന്ന കമ്പനി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം നടന്നത്.

പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ജീവനക്കാര്‍ കത്തിച്ചു. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവര്‍ നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വര്‍ധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ഒരു ധര്‍ണ നിര്‍മാണ യൂണിറ്റില്‍ നടന്നിരുന്നു. 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ജീവനക്കാരെ കമ്പനി പ്രേരിപ്പിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍, ദിവസേന 200-300 രൂപയാണ് ഈ ജീവനക്കാര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂര്‍ ജോലി ചെയ്തിട്ടും 7-8 മണിക്കൂര്‍ ജോലി ചെയ്തുവെന്നാണ് രേഖപ്പെടുത്തുന്നത്. ഉചിതമായ ശമ്പളം ലഭിക്കുന്നില്ല, കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി സമയത്തിന് ശമ്പളം ലഭിക്കുന്നില്ല. തുടങ്ങിയ ആരോപണങ്ങള്‍ ജീവനക്കാർ ഉയര്‍ത്തുന്നുണ്ട്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതാണ് ജീവനക്കാരെ രോഷാകുലരാക്കിയത്. ക്യാമറകള്‍, രണ്ട് കാറുകള്‍, ഗ്ലാസുകള്‍ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.

.

Top