ആയുര്‍വേദ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ : ആയുര്‍വേദ ആശുപത്രിയില്‍ മരുന്നുകടത്ത് കണ്ടെത്തിയതിനു പിന്നാലെ ജീവനക്കാരി ജീവനൊടുക്കി. കാര്‍ത്തികപള്ളി ആശുപത്രി താല്‍ക്കാലിക ജീവനക്കാരി അരുണയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അരുണ ജോലിക്ക് എത്താതിരുന്നപ്പോള്‍ ഡോക്ടര്‍ തന്നെയാണ് മരുന്ന് രോഗികള്‍ക്ക് നല്‍കിയത്. ഈ സമയം മരുന്ന് കുപ്പികളില്‍ വെള്ളം നിറച്ചുവച്ചിരിക്കുന്നതും പെട്ടികളില്‍നിന്ന് മരുന്നുകള്‍ നഷ്ടപ്പെട്ടതായും ഡോക്ടര്‍ കണ്ടെത്തി.

തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളെ ഡോക്ടര്‍ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പരിശോധന നടത്തി. വ്യാപകമായി മരുന്ന് നഷ്ടപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തനിക്കൊരു അബദ്ധം പറ്റിയതാണെന്നും മരുന്നിന്റെ പണം തിരികെതരാമെന്നും ഡോക്ടറോട് അരുണ പറഞ്ഞിരുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ആശുപത്രി പൂട്ടുകയും തുടര്‍ നടപടികള്‍ക്ക് തിങ്കളാഴ്ച യോഗം ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ആശുപത്രിയില്‍നിന്നും വീട്ടിലെത്തിയ അരുണ വൈകിട്ടോടെ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം.

നേരത്തെയും സമാന രീതിയില്‍ അരുണ മരുന്ന് കടത്തിയിരുന്നു. ഇത് കണ്ടെത്തിയപ്പോള്‍ അന്ന് മരുന്നിന്റെ പണമായി 35000 രൂപ നല്‍കി ഒത്തുതീര്‍പ്പാക്കിയിരുന്നു.

Top