ഇമ്രാൻ ഖാന്റെ വീട്ടില്‍ ചാരപ്രവര്‍ത്തനം നടത്തിയ ജീവനക്കാരന്‍ പിടിയില്‍

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ചാരപ്രവർത്തനം നടന്നതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്റെ വീട്ടിലെ കിടപ്പുമുറയില്‍ ഒരു സ്പൈ ഡിവൈസ് സ്ഥാപിക്കാൻ ഒരു ജീവനക്കാരന് പണം നൽകിയെന്നാണ് ആരോപണം. പാക്കിസ്ഥാനിലെ എആർവൈ ന്യൂസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിടിഐ നേതാവ് ഷെഹ്ബാസ് ഗിൽ ആരോപണവുമായി രംഗത്തെത്തിയത്.

നടപടി ഹീനവും ദൗർഭാഗ്യകരവുമാണെന്ന് പിടിഐ വക്താവ് പറയുന്നു. പ്രതി ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു ജീവനക്കാരൻ കാണുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണ് ഉണ്ടായത്.

മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം പ്രതിയെ പിടികൂടി പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിലിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, തന്റെ ജീവൻ അപകടത്തിലാണെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

കഴിഞ്ഞ മാസം സിയാൽകോട്ടിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, തന്നെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരുകൾ അറിയാമെന്നും, അതെല്ലാം റെക്കോഡ് ചെയ്തുവച്ചിട്ടുണ്ടെന്നും ഇമ്രാന്‍ ഖാൻ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാന് അകത്തും വിദേശത്തുമാണ് തനിക്കെതിരായ കൊലപാതക പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും ഇമ്രാന്‍ ഖാന്‍ അന്ന് പറഞ്ഞിരുന്നു.

Top