വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഖത്തറിലേക്ക് പോകും: ഇമ്മാനുവല്‍ മാക്രോണ്‍

ദുബൈ: ഗസ്സയില്‍ ആക്രമണം വീണ്ടും ആരംഭിച്ചതില്‍ ഫ്രാന്‍സിന് കടുത്ത ആശങ്കയുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഖത്തറിലേക്ക് പോകുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.ദുബൈയിലെ കോപ് 28 വേദിയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം വെടിനിര്‍ത്തല്‍ കൊണ്ടുവരാനും ബന്ധികളെ മോചിപ്പിക്കാനും ഇരട്ടി പരിശ്രമം ആവശ്യമാണ്.

ഇസ്രായേല്‍ അവരുടെ അന്തിമലക്ഷ്യം കൂടുതല്‍ കൃത്യമായി നിര്‍വചിക്കേണ്ട സാഹചര്യമാണുള്ളത്. ഹമാസിന്റെ സമ്പൂര്‍ണ നാശം സാധ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?. അങ്ങനെയാണെങ്കില്‍, യുദ്ധം 10 വര്‍ഷം നീണ്ടുനില്‍ക്കും.ഫലസ്തീനികളുടെ ജീവനെടുത്ത്, അതുവഴി മേഖലയിലെ ജനങ്ങളുടെ നീരസം സമ്പാദിച്ചാണ് ഇസ്രായേല്‍ സുരക്ഷ കൈവരിക്കുന്നതെങ്കില്‍ അതൊരിക്കലും ശാശ്വതമാകില്ലെന്നും മാക്രോണ്‍ പറഞ്ഞു.

Top