എമിറേറ്റില്‍ യുപിഐ റുപേ കാര്‍ഡ്; പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും സര്‍വീസ് ലോഞ്ച് ചെയ്തു

അബുദബി: എമിറേറ്റില്‍ യുപിഐ റുപേ കാര്‍ഡ് സര്‍വീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള തടസ്സങ്ങളില്ലാത്ത ഇടപാടുകള്‍ സുഗമമാക്കുകയാണ് ലക്ഷ്യം. യുഎഇ പ്രസിഡന്റിന്റെയും മോദിയുടേയും സാന്നിധ്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണപത്രം കൈമാറി.

എമിറേറ്റില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ പൂര്‍ത്തീകരിച്ച ബാപ്‌സ് മന്ദിര്‍. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജാണ് നേതൃത്വം വഹിക്കുന്നത്. ദുബായ്-അബുദബി ഹൈവേയില്‍ അബു മറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദി യുഎഇയിലെത്തിയത്. യുഎഇയിലെത്തിയ മോദിയ്ക്ക് ?ഗംഭീര വരവേല്‍പ്പാണ് യുഎഇയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയത്. അബുദബിയിലെ സായിദ് സ്റ്റേഡിയത്തില്‍ നടന്ന അഹ്ലന്‍ മോദി പരിപാടിയില്‍ മോദി പങ്കെടുത്തു. അബുദബിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. യുഎഇയില്‍ പുതിയ ചരിത്രമെഴുതിയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കാനുള്ള സഹായങ്ങള്‍ ചെയ്തതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

Top