എമിറേറ്റ്‌സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘത്തെ പിടികൂടി

ദുബായ്: എമിറേറ്റ്‌സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘത്തിനെതിരെയുള്ള വിചാരണ ദുബായ് ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. നൂറോളം പേരുടെ എമിറേറ്റ്‌സ് ഐഡികള്‍ മോഷ്ടിച്ച് വിറ്റ കുറ്റത്തിന് എമിറേറ്റ്‌സ് പോസ്റ്റിലെ ഒരു ജീവനക്കാരന്‍ ഉള്‍പ്പെടെ നാല് പേരെയാണ് വിചാരണയ്ക്ക് വിധേയരാക്കിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതി യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന എമിറേറ്റ്‌സ് ഐഡികള്‍ സൂക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. എമിറേറ്റ്‌സ് ഐഡികള്‍ ഉടമസ്ഥര്‍ക്ക് കൈമാറേണ്ട ചുമതലയും ഇയാള്‍ക്ക് തന്നെയായിരുന്നുവെന്ന് എമിറേറ്റ്‌സ് പോസ്റ്റ് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു.

എമിറേറ്റസ് ഐഡികള്‍ കാണാതായെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചത്. ഇയാള്‍ കാര്‍ഡുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവയില്‍ വ്യക്തമായിരുന്നു. പല ദിവസങ്ങളില്‍ പല സമയത്തായി നൂറോളം കാര്‍ഡുകളാണ് ഇയാള്‍ മോഷ്ടിച്ചത്. മറ്റൊരാളുടെ നിര്‍ദേശ പ്രകാരം കാര്‍ഡുകള്‍ മോഷ്ടിച്ച് നല്‍കുകായിരുന്നു എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

പ്രതി ഒരു ഐഡിക്ക് 80 ദിര്‍ഹം വീതമാണ് കൈപ്പറ്റിയത്. ഇയാള്‍ ഇത് 100 ദിര്‍ഹത്തിന് മറ്റൊരാള്‍ക്ക് വിറ്റു. ഇയാള്‍ നാലാമതൊരാള്‍ക്ക് 105 ദിര്‍ഹം വാങ്ങി മറിച്ചുവില്‍ക്കുകയായികുന്നു. നാല്‍ പ്രതികളെയും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.

Top