ഇന്ത്യ സര്‍വീസ് വിലക്ക്; ജൂലൈ 15 വരെയെന്ന് എമിറേറ്റ്സ്

ദുബൈ: ജൂലൈ 15 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്ത ട്രാന്‍സിറ്റ് യാത്രക്കാരെയും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് എമിറേറ്റ്സ് വെബ്സൈറ്റിലൂടെ അറിയിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്സ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. അതേസമയം ഇത്തിഹാദും എയര്‍ ഇന്ത്യയും ജൂലൈ മാസം 21വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് യുഎഇയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനസര്‍വീസുകള്‍ വൈകുന്നതോടെ അവധിക്ക് നാട്ടില്‍ പോയി തിരികെ ജോലിയില്‍ പ്രവേശിക്കാനാവാത്തവരില്‍ പലരും തൊഴില്‍ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ്.

 

Top