ലോകം ക്വാറന്റൈനില്‍; പറക്കല്‍ അവസാനിപ്പിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ശമ്പളം കുറയ്ക്കും

കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ ശക്തിയേറിയതോടെ യാത്രാ വിമാനങ്ങള്‍ എല്ലാം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. മുന്‍പൊരിക്കലും ഇല്ലാത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ദുബായ് ആസ്ഥാനമായ വിമാനക്കമ്പനി അറിയിച്ചു. മാര്‍ച്ച് 25ഓടെ എല്ലാ യാത്രാ വിമാനങ്ങളും താല്‍ക്കാലികമായി റദ്ദാക്കാനാണ് എയര്‍ലൈന്‍ തീരുമാനം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് ഈസ്റ്റ് മേഖലയെ പാശ്ചാത്യ മേഖലയുമായി ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ‘2020 മാര്‍ച്ച് 25 മുതല്‍ എല്ലാ യാത്രാവിമാനങ്ങളും താല്‍ക്കാലികമായി റദ്ദാക്കാന്‍ ഇന്ന് തീരുമാനം കൈക്കൊണ്ടു’, ട്വിറ്ററില്‍ കമ്പനി കുറിച്ചു. കൊവിഡ്19 പകര്‍ച്ചവ്യാധി മൂലം ലോകം തന്നെ ക്വാറന്റൈനിലേക്ക് പോയ അവസ്ഥയാണ്, സിഇഒ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മഖ്തൂം പറഞ്ഞു.

‘വ്യാപനത്തിന്റെയും, അളവിന്റെയും കാര്യത്തില്‍ മുന്‍പൊരിക്കലും നേരിടാത്ത പ്രതിസന്ധിയാണ്. ഭൂമിശാസ്ത്രം നോക്കിയാലും, ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക കാഴ്ചപ്പാടുകളില്‍ ഇതാണ് അവസ്ഥ’, അല്‍ മഖ്തൂം കൂട്ടിച്ചേര്‍ത്തു. കൊവിഡ്19 ബാധിച്ച് നേരിട്ട യുഎഇയിലെ ആദ്യ രണ്ട് മരണങ്ങള്‍ വെള്ളിയാഴ്ചയാണ് സ്ഥിരീകരിച്ചത്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും തുടര്‍ന്നും പ്രവര്‍ത്തനം നടത്തും.

യാത്രാ നിരോധനത്തിനും, വിലക്കിനും പുറമെ പല രാജ്യങ്ങളും അടച്ചുപൂട്ടുകയും ചെയ്തതോടെ വിമാനയാത്ര പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ പരമാവധി യാത്രക്കാരെ പ്രതിസന്ധി ഘട്ടത്തില്‍ സ്വദേശത്തേക്ക് എത്തിക്കാനായി എമിറേറ്റ്‌സ് പ്രവര്‍ത്തനം തുടര്‍ന്ന് വരികയായിരുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ അന്താരാഷ്ട്ര യാത്രകള്‍ പൂര്‍ണ്ണമായി നിര്‍ത്തുന്നത്.

മൂന്ന് മാസത്തേക്ക് ഭൂരിഭാഗം ജീവനക്കാര്‍ക്കും നല്‍കുന്ന അടിസ്ഥാന ശമ്പളം കുറയ്ക്കും. അതേസമയം തങ്ങളുടെ ബാലന്‍സ് ഷീറ്റ് ശക്തമായതിനാല്‍ വിമാനയാത്ര കുറയുന്ന ഘട്ടത്തിലും ദീര്‍ഘകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് സിഇഒ വ്യക്തമാക്കി.

Top