ആദര സൂചകമായി ഒമ്പതാം മിനിറ്റില്‍ കളി നിര്‍ത്തി ;സാലെയുടെ ചിത്രം തെളിഞ്ഞതോടെ കണ്ണീരണിഞ്ഞ് താരങ്ങള്‍

പാരീസ്: എമിലിയാനോ സാലെയുടെ ഓര്‍മകളുമായി കളിക്കളത്തിലിറങ്ങി ഫ്രഞ്ച് ക്ലബ്ബ് നാന്റസ്. സാലെയുടെ പേരെഴുതിയ ജേഴ്‌സിയാണ് ഓരോ താരവും ധരിച്ചിരുന്നത്. ജേഴ്‌സിയുടെ പുറകില്‍ ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു എന്നും രേഖപ്പെടുത്തിയിരുന്നു. ഫ്രഞ്ച് ലീഗില്‍ സെയ്ന്റ് എറ്റീനെതിരായ മത്സരത്തിനിടെയാണ് ടീം വികാരഭരിതരായത്.

മത്സരം തുടങ്ങി ഒമ്പതാം മിനിറ്റായപ്പോള്‍ താരത്തോടുള്ള ആദരസൂചകമായി കളി നിര്‍ത്തിവെച്ചു. സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ സാലെയുടെ ചിത്രം തെളിഞ്ഞപ്പോള്‍ പരിശീലകന്‍ വാഹിദ് ഹാലില്‍ദോവിച്ചും സഹകളിക്കാനും ആരാധകരും കണ്ണീരണിഞ്ഞു. സ്റ്റേഡിയത്തില്‍ കാണികള്‍ മഞ്ഞയും പച്ചയും നിറങ്ങളില്‍ സാലെയെന്ന പേര് ആവിഷ്‌കരിച്ചു. മത്സരം 1-1 ന് സമനിലയിലാണ് അവസാനിച്ചത്.

നാന്റസില്‍നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫിലേക്ക് കൂടുമാറിയതാരം പുതിയ ടീമിനൊപ്പം ചേരാന്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അര്‍ജന്റീന സ്‌ട്രൈക്കര്‍ സഞ്ചരിച്ച ചെറുവിമാനത്തിന്റെ സീറ്റുകള്‍ കഴിഞ്ഞദിവസം ഫ്രാന്‍സിലെ ബീച്ചില്‍ കണ്ടെത്തിയിരുന്നു.

Top