പ്രതീക്ഷകള്‍ അവസാനിച്ചു; സല സഞ്ചരിച്ച വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തിന്റെ പ്രതീക്ഷകള്‍ കണ്ണീരില്‍ അവസാനിപ്പിച്ച് അര്‍ജന്റീനിയന്‍ യുവ ഫുട്ബാള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. സലയും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണും സഞ്ചരിച്ച ‘പൈപ്പര്‍ പി.എ – 46 മാലിബു’ എന്ന ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതായാണ് തെരച്ചില്‍ സംഘം സ്ഥിരീകരിച്ചത്.

ഇതോടെ സല ജീവിച്ചിരിക്കാനുള്ള സാദ്ധ്യതയില്ലെന്ന് നിഗമനത്തിലാണ് തെരച്ചില്‍ സംഘം. മൃതദേഹം കണ്ടെത്തിയ വിവരം എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേറ്റിംഗ് വിഭാഗം തിങ്കളാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്.ഞായറാഴ്ച രാത്രിയോടെയാണ് ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങള്‍ തെരച്ചില്‍ സംഘം കണ്ടെത്തിയത്.

കടലിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍വെഹിക്കിള്‍ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. വിമാനം കണ്ടെത്തിയതു സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇരുപത്തെട്ടുകാരനായ സലയും പൈലറ്റ് ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാന്‍ സാദ്ധ്യത കുറവാണെന്നും തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

Top