അന്വേഷണ ഏജന്‍സികളുടെ റെയ്ഡ്; എകെജി സെന്ററില്‍ അടിയന്തര യോഗം

akg-centre-new

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നതിനിടെ എ.കെ.ജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

മറ്റു പാര്‍ട്ടി നേതാക്കളും എ.കെ.ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി വരികയാണ്.

ബിനീഷിന്റെ വീട്ടില്‍ 25 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും ഭാര്യമാതാവും അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ എത്തിയതിന് പിന്നാലെ ഭാര്യയേയും കുട്ടിയേയും ഭാര്യാമാതാവിനേയും പുറത്തേക്ക് വിട്ടു. അവര്‍ കുട്ടിയേയും ബിനീഷിന്റെ ഭാര്യയേയും ഒരു മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം പോലും നല്‍കിയില്ലെന്നും പരാതിപ്പെട്ടിരുന്നു

Top