ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു; ഉത്തരവില്‍ ഒപ്പുവച്ച് ഗോതാബയ രാജപക്‌സെ

കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്.

ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവച്ചിരുന്നു. ഇതില്‍ പ്രധാനമന്ത്രിയുടെ മകന്‍ നമല്‍ രാജപക്‌സെയും ഉള്‍പ്പെടുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കുകയാണെന്നാണ് നമല്‍ ട്വീറ്റ് ചെയ്തത്.

ഗോതാബയയുടെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്‌സെയും രാജി വച്ചിരുന്നു. പകരം ധനവകുപ്പിന്റെ ചുമതല നല്‍കിയത് നീതിന്യായ വകുപ്പ് മന്ത്രി അനില്‍ സബ്രിയ്ക്കായിരുന്നു. പക്ഷേ അദ്ദേഹവും 24 മണിക്കൂര്‍ തികയും മുമ്പ് പദവി രാജിവച്ചു.

ശ്രീലങ്കയില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണ് ഇപ്പോഴും നേരിടുന്നത്. രാജ്യത്ത് ഊര്‍ജപ്രതിസന്ധിയും രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യമെമ്പാടും സൈന്യവും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഇന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിലവില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ അധികാരത്തില്‍ തുടരാനുളള ശ്രമങ്ങളുടെ ഭാഗമായി സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Top