അടിയന്തരാവസ്ഥ വാര്‍ഷിക ദിനം; ഇന്ദിര ഗാന്ധി ഹിറ്റ്‌ലറെ പോലെയെന്ന്‌ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അഡോള്‍ഫ് ഹിറ്റ്‌ലറെയും ഇന്ദിര ഗാന്ധിയെയും തമ്മില്‍ താരതമ്യം ചെയ്ത ജയ്റ്റ്‌ലി, ഇന്ത്യയില്‍ ഇന്ദിര കുടുംബാധിപത്യം സ്ഥാപിച്ചെന്നും ആരോപിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജെയ്റ്റ്‌ലി വിമര്‍ശന ശരങ്ങള്‍ എയ്തത്.

‘ഹിറ്റ്ലറും ഇന്ദിരയും ഭരണഘടന ഒരിക്കലും റദ്ദാക്കിയിട്ടില്ല. ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്കു പരിവര്‍ത്തനപ്പെടുത്താന്‍ അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ പ്രതിപക്ഷത്തെ അംഗങ്ങളെയെല്ലാം ഹിറ്റ്‌ലര്‍ അറസ്റ്റ് ചെയ്തു. ഭരണഘടനയിലെ വ്യവസ്ഥ ദുരുപയോഗിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര, അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തി- ജയ്റ്റ്ലി കുറിച്ചു.

‘ജര്‍മനിയില്‍ ഒരേയൊരു നേതാവേയുള്ളൂ എന്നര്‍ഥത്തില്‍ ഒരു നാസി ഭരണാധികാരി ഹിറ്റ്‌ലറെ ഫ്യൂറര്‍ എന്നു വിശേഷിപ്പിച്ചു. അതുപോലെ, ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവകാന്ത ബറുവ വിശേഷിപ്പിച്ചത്- ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

Top