മത്സ്യബന്ധന കരാര്‍ വിവാദം; മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ധാരണാ പത്രം റദ്ദാക്കിയെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ഫിഷറീസ് മന്ത്രി ദിവസവും കള്ളം പറയുന്നു. തെളിവ് പുറത്തായപ്പോള്‍ കൂടുതല്‍ കള്ളങ്ങള്‍ പറയുകയാണ്. കേരളത്തിലെ കടല്‍ വില്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. വ്യവസായ വകുപ്പിന്റെ ധാരണാ പത്രവും റദ്ദാക്കണം. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ധാരണാ പത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. ഇഎംസിസിയ്ക്ക് സ്ഥലം അനുവദിച്ചത് നിലനില്‍ക്കുന്നുണ്ട്. പള്ളിപ്പുറത്ത് നല്‍കിയ 4 ഏക്കര്‍ സ്ഥലവും തിരികെ വാങ്ങാന്‍ നടപടി ഇല്ല. മത്സ്യനയത്തില്‍ മാറ്റം കൊണ്ടുവന്നത് കൗശലപൂര്‍വമാണ്. ലോകോത്തര ഭക്ഷ്യ വിതരണ കമ്പനികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

28.2.2020 ല്‍ അസന്റില്‍ വച്ച് ഒപ്പിട്ട ധാരണ പത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. 2018 ഏപ്രിലില്‍ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂ യോര്‍ക്കില്‍ വച്ച് ഇഎംസിസിയുമായി ചര്‍ച്ച നടത്തിയെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് വിശദ പദ്ധതി രേഖ സമര്‍പ്പിച്ചത് എന്ന് ഇഎംസിസി തന്നെ പറഞ്ഞിട്ടുണ്ട്. മത്സ്യ നയത്തില്‍ വരുത്തിയ മാറ്റം പോലും ഇഎംസിസിയെ സഹായിക്കാനാണെന്നും ചെന്നിത്തല തുറന്നടിച്ചു.

Top