ഇഎംസിസി ധാരണാപത്രം: പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരങ്ങള്‍ തേടും

ഇ.എം.സി.സി. ലക്ഷ്യമിട്ടത് കേരള തീരത്തെ മത്സ്യസമ്പത്തെന്ന് കെ.എസ്.ഐ.ഡി.സി.യുമായി ഒപ്പിട്ട ധാരണാപത്രത്തിൽ വ്യക്തമായ നിലയ്ക്കു ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണം ഉടന്‍ ആരംഭിക്കും. നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കൊപ്പം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.

2020 ഫെബ്രുവരി 28-നാണ് കെ.എസ്.ഐ.ഡി.സി. എം.ഡി. എം.ജി. രാജമാണിക്യവും ഇ.എം.സി.സി. മേധാവി ഷിജു വർഗീസും കരാർ ഒപ്പിട്ടത്. അസന്റിൽ ഇ.എം.സി.സി. മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിച്ചാണ് സഹകരിക്കാൻ തീരുമാനിച്ചത്.

400 ട്രോളറുകളും അ‍ഞ്ച് മദര്‍ വെസ്സലുകളും നിര്‍മ്മിക്കാന്‍ ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ‍‍- ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണപത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയത്.ആഴക്കടൽ മത്സ്യബന്ധന വ്യവസായത്തിൽ നേരിട്ടുള്ള നിക്ഷേപത്തിനാണ് അനുമതി നൽകിയത്. 5000 കോടി രൂപയുടെ പദ്ധതിയിൽ 25,000 തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.

വിദേശ കമ്പനിക്ക് കേരളത്തിലെ മത്സ്യസമ്പത്ത് തീറെഴുതുന്നു എന്ന പ്രതിപക്ഷ പ്രചരണം തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ധാരണപത്രത്തില്‍ നിന്ന് പിന്നോട്ട് പോയത്. സര്‍ക്കാരിന്‍റെ മത്സ്യനയത്തിന് വിരുദ്ധമായ കാര്യം ഉള്‍പ്പെടുത്തി എങ്ങനെ ധാരണപത്രം ഒപ്പിട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തരസെക്രട്ടറി ടി.കെ ജോസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരം തേടും. ധാരണാപത്രം ഒപ്പിടും മുമ്പ് സര്‍ക്കാരുമായി ബന്ധപ്പെടാത്തതെന്ന് എന്നടക്കമുള്ള കാര്യങ്ങള്‍ പ്രശാന്തില്‍ നിന്ന് ചോദിച്ചറിയും. ഉദ്യോഗസ്ഥതല വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടാണ് ടി.കെ ജോസ് നല്‍കുന്നതെങ്കില്‍ ചിലര്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

Top