ഇഎംസിസി-കെഎസ്‌ഐഎൻസി ധാരണാപത്രം റദ്ദാക്കി; വിശദമായ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഇഎംസിസി-കെഎസ്‌ഐഎൻസി ധാരണാപത്രം സർക്കാർ റദ്ദാക്കി. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയത്. ധാരണാപത്രത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ വിശദമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ ചുമതലപ്പെടുത്തി.

ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടായെങ്കിൽ നടപടി ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമാണ് ധാരണാപത്രമെന്ന് കണ്ടതിനെ തുടർന്നാണ് റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വ്യവസായ മന്ത്രി ഇ. പി ജയരാജൻ എന്നിവർക്കിതിരെയാണ് പ്രതിപക്ഷം പ്രധാനമായും ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കെതിരേയും ആരോപണം ഉയർന്നതോടെയാണ് വിഷയത്തിൽ നടപടി കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

Top