മത്സ്യബന്ധന കരാറില്‍ സര്‍ക്കാര്‍ വാദങ്ങള്‍ ആരെ കബളിപ്പിക്കാന്‍?‌; ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കം പുറത്തു വന്നതോടെ ഇച്ഛാഭംഗം കൊണ്ടാണ് മുഖ്യമന്ത്രി, പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ആരോപിക്കുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.

‘കൊള്ള നടത്താനുള്ള ശ്രമം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നത് വലിയ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മത്സ്യനയത്തിന് വിരുദ്ധമായ ധാരണാ പത്രത്തിലാണ് ഒപ്പ് വെച്ചത്. നടപടികളുമായി മുന്നോട്ട് പോയി. ഇതിന്റ ഭാഗമായാണ് ഷിപ്പിംഗ് ആന്റ് നാവിഗേഷനുമായി കരാര്‍ ഒപ്പ് വെച്ചതും നാല് ഏക്കര്‍ സ്ഥലം അനുവദിച്ചതും. ഇത് വ്യക്തമായതാണ്. എന്നിട്ടും സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇഎംസിസി കരാര്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണ്? ‘ ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞില്ലെങ്കില്‍ പിന്നീട് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. ഒരു ഉദ്യോഗസ്ഥന് ഇത്ര വലിയ കരാര്‍ ഒപ്പുവയ്ക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കള്ളം പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിന്റെ സൈനികരാണ് മത്സ്യതൊഴിലാളികള്‍. മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ 5% സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് നിലനില്‍ക്കുന്നു. സര്‍ക്കാരിന് ജനങ്ങള്‍ മാപ്പു നല്‍കില്ല. താന്‍ പറഞ്ഞ ഏത് കാര്യങ്ങളാണ് തെറ്റെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ട് മത്സ്യതൊഴിലാളി ജാഥകള്‍ യുഡിഎഫ് നയിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു.

Top