കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്; ഉറപ്പ് നല്‍കി ഇലോൺ മസ്ക്

ന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കുറഞ്ഞ നിരക്കിൽ എല്ലാവർക്കും അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ലോകമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് കൂടുതൽ താങ്ങാനാകുന്ന തരത്തിൽ സ്പേസ് എക്സ് നൽകുമെന്നും മസ്ക് പ്രഖ്യാപിച്ചു. സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഈ വർഷാവസാനത്തോടെ പൂർണമായും ലഭ്യമാക്കുമെന്നാണ് മസ്ക് പറയുന്നത്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ വേഗം ഈ വർഷം തന്നെ 300 എംബിപിഎസായി ഇരട്ടിയാക്കുമെന്നും കമ്പനി മേധാവി അറിയിച്ചു. ഏകദേശം 12,000 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് വഴിയാണ് അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ഉദ്ദേശിക്കുന്നത്.

സ്റ്റാർലിങ്ക് ഇന്റർനെറ്റിന് ഇപ്പോൾ 50 മുതൽ 150 എംബിപിഎസ് വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഇതിനകം തന്നെ 1,200 ലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്.സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് ട്വിറ്ററിലെ ഒരു ഉപയോക്താവിന്റെ ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് മസ്‌ക് ഭാവി കാര്യങ്ങൾ വെളിപ്പെടുത്തിയത്. സേവന സമയം, ബാൻഡ്‌വിഡ്ത്ത്, ലേറ്റൻസി എന്നിവയെല്ലാം അതിവേഗം മെച്ചപ്പെടുന്നുണ്ട്. ഒരുപക്ഷേ വൈകാതെ തന്നെ മികച്ച വേഗം ലഭ്യമാക്കാൻ സാധിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.

സ്റ്റാർ‌ലിങ്ക് സാറ്റലൈറ്റ് ഇന്റർ‌നെറ്റ് ശൃംഖലയെ ട്രക്കുകൾ, കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സ്‌പേസ് എക്സ് അമേരിക്കയിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി തേടിയിട്ടുണ്ട്. യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന് (എഫ്‌സിസി) ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ടെസ്‌ല കാറുകളുമായി ബന്ധിപ്പിക്കുന്നില്ലെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.

Top