ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടമായി ഇലോൺ മസ്‌ക്‌

ന്യൂയോർക്ക് : സമ്പാദ്യത്തിൽ കുറവ് സംഭവിച്ചതിനെ തുടർന്ന് ലോകത്തിലെ രണ്ടാമത്തെ പണക്കാരനെന്ന പദവി ഇലോൺ മസ്‌കിന് നഷ്ടമായി. അമേരിക്കൻ കാർ നിർമ്മാണ കമ്പനിയായ ടെസ്‌ലയുടെ മേധാവിയാണ് ഇലോൺ മസ്‌ക്‌ . ആഡംബര ഉത്പന്നങ്ങളുടെ മുൻനിര നിർമ്മാതാക്കളായ എൽവിഎംഎം കമ്പനി ഉടമ ബെർണാൽഡ് അർണോൾഡാണ് ലോകത്തിലെ രണ്ടാമത്തെ പണക്കാരൻ. ആമസോൺ ഉടമ ജെഫ് ബെസോസ് ആണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.

160.6 ബില്യൺ ഡോളറായിരുന്നു മസ്‌കിന്റെ സമ്പാദ്യം. ഇതേ തുടർന്നാണ് അദ്ദേഹം രണ്ടാമത്തെ പണക്കാരനെന്ന സ്ഥാനത്തേക്ക് ഉയർന്നത്. എന്നാൽ ഈ വർഷം 9.1 ബില്യൺ ഡോളറിന്റെ കുറവാണ് അദ്ദേഹത്തിന്റെ വരുമാനത്തിൽ സംഭവിച്ചത്. കഴിഞ്ഞ ദിവസം ടെസ്ല ഓഹരി വില 2.2 ശതമാനം കുറഞ്ഞു. ഇതോടെയാണ് പദവി മസ്‌ക് കൈവിട്ടത്.

ബിറ്റ് കോയിൻ മൂല്യത്തിൽ ഉണ്ടായ ഇടിവാണ് വരുമാനം ഇടിയാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. ബിറ്റ് കോയിൻ മൂല്യത്തിലെ ഇടിവ് ടെസ്ലയുടെ ഓഹരികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇലക്ട്രിക് കാർ നിർമ്മാണ രംഗത്തേക്ക് കൂടുതൽ കമ്പനികൾ എത്തിയതും ഓഹരികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാറുകൾക്ക് ആവശ്യമായ ചിപ്പുകൾക്ക് ആഗോള തലത്തിൽ ക്ഷാമം നേരിടുന്നത് വാഹന വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതും മസ്‌കിന്റെ വരുമാനം ഇടിയാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Top