ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്

ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ന്യൂറാലിങ്ക്. നട്ടെല്ലിന് പരിക്കേറ്റ ശരീരം തളര്‍ന്ന യുവാവ് കംപ്യൂട്ടറില്‍ ഓണ്‍ലൈന്‍ ചെസ്സും ചിന്ത കൊണ്ട് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് ന്യൂറാലിങ്ക് തത്സമയം സ്ട്രീം ചെയ്തത്. ഇലോണ്‍ മസ്‌കിന്റെ ടീം വികസിപ്പിച്ച ‘ടെലിപ്പതി’ എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനാവും. ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുള്ളവരിലും കൈകാലുകള്‍ തളര്‍ന്നു കിടക്കുന്നവരിലുമാണ് ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മേയിലാണ് ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത്. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാവാനും തയ്യാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു. ജനുവരിയിലാണ് ഉപകരണം ഒരു മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചതായി കമ്പനി അറിയിച്ചത്. ഇയാളുടെ ആരോഗ്യനില ഭേദപ്പെട്ടുവെന്നും ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ടെന്നും ഫെബ്രുവരിയില്‍ മസ്‌ക് വ്യക്തമാക്കി. കമ്പനിയുടെ അത്ഭുതകരമായ ഈ കണ്ടെത്തല്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയാണ് കഴിഞ്ഞ ദിവസം പങ്കുവെച്ച ലൈവ് വീഡിയോയിലൂടെ. ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് വീഡിയോ പങ്കുവെച്ചത്. നോളണ്ട് ആര്‍ബോ എന്നാണ് ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച രോഗിയുടെ പേര്. കൈകാലുകള്‍ തളര്‍ന്ന ആര്‍ബോ ടെലിപ്പതിയുടെ സഹായത്തോടെ കംപ്യൂട്ടറില്‍ ഓണ്‍ലൈന്‍ ചെസ്സ് കളിക്കുന്നതും മൗസ് പോയിന്റര്‍ ചലിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

‘ഞാന്‍ ഈ ഗെയിം ഉപേക്ഷിച്ചതായിരുന്നുവെന്ന് ആര്‍ബോ പറയുന്നു. ഇത് (ടെലിപ്പതി) ഇതിനകം എന്റെ ജീവിതം മാറ്റിമറിച്ചുകഴിഞ്ഞു.’ അദ്ദേഹം പറയുന്നു. ശസ്ത്രക്രിയ വളരെ എളുപ്പമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.എട്ട് വര്‍ഷം മുമ്പ് ഡൈവിങിനിടെ ഉണ്ടായ ഒരപകടത്തിലാണ് ഇരുപത്തൊമ്പതുകാരനായ ആര്‍ബോയ്ക്ക് നട്ടെല്ലിന് പരിക്കേറ്റത്. ജനുവരിയില്‍ ന്യൂറാലിങ്ക് ഉപകരണം ഘടിപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി വിട്ടുവെന്ന് ആര്‍ബോ പറഞ്ഞു. ഈ സാങ്കേതികവിദ്യ പരിഷ്‌കരിക്കാന്‍ ഇനിയും ഏറെ ജോലികള്‍ ബാക്കിയുണ്ടെന്നും ആര്‍ബോ പറഞ്ഞു.

അതേസമയം, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ ചിന്തയിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ മറ്റ് വിവിധ സ്ഥാപനങ്ങളും രംഗത്തുണ്ട്. ആശുപത്രികളുടേയും ഗവേഷണ സ്ഥാപനങ്ങളുടെയും കണ്‍സോര്‍ഷ്യമായ ബ്രെയിന്‍ ഗേറ്റ് പോലുള്ള സ്ഥാപനങ്ങളും സമാനമായ ഉപകരണങ്ങള്‍ രോഗികളില്‍ പരീക്ഷിക്കുന്നുണ്ട്.അതിനിടെ, കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് കാഴ്ച നല്‍കുന്ന ‘ബ്ലൈന്റ് സൈറ്റ്’ സാങ്കേതികവിദ്യ ആയിരിക്കും ടെലിപ്പതിക്ക് ശേഷം ന്യൂറാലിങ്കിന്റെ അടുത്ത ഉല്പ്പന്നം എന്ന് മസ്‌ക് പ്രഖ്യാപിച്ചു കഴിഞ്ഞു.

Top