ഇലോണ്‍ മസ്‌കിന്റെ ജീവിതം സിനിമയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ജീവിതം സിനിമയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് സ്വാന്‍, ദി റെസ്ലര്‍, ദി വെയ്ല്‍, പൈ, മദര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡാരന്‍ ആരോനോഫ്സ്‌കിയാണ് ചിത്രം ഒരുക്കുന്നത്. ബ്ലാക്ക് സ്വാന്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ആളാണ് അമേരിക്കന്‍ സംവിധായകനായ ഡാരന്‍.

മസ്‌കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ പര്യവേക്ഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുമെന്നാണ് വിവരങ്ങള്‍. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ യാതൊരു വിവരങ്ങളും പുറത്തിവിട്ടിട്ടില്ല.വാള്‍ട്ടര്‍ ഐസക്സണിന്റെ രചനയില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മസ്‌കിന്റെ ജീവചരിത്രമായ ‘ഇലോണ്‍ മസ്‌ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഐസക്‌സണിന്റെ ‘സ്റ്റീവ് ജോബ്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സ്റ്റീവ് ജോബ്‌സിന്റെ ജീവിത കഥയും സിനിമയാക്കിയിരുന്നു.

എ24 പ്രൊഡക്ഷന്‍ ഹൗസാണ് ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം നിര്‍മിക്കുന്നത്. ബ്രെന്‍ഡന്‍ ഫേസറിനെ നായകനാക്കി ഡാരന്‍ ആരോനോഫ്സ്‌കി ഒരുക്കിയ ‘ദി വെയ്ല്‍’ നിര്‍മിച്ചതും എ24 പ്രൊഡക്ഷന്‍ ഹൗസാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ ബ്രെന്‍ഡന്‍ ഫ്രേസറിന് ലഭിച്ചിരുന്നു.

 

Top