റഷ്യൻ അധിനിവേശത്തിൽ പുതിയ ട്വീറ്റുമായി ഇലോണ്‍ മസ്ക്

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്ക് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പലതവണ രംഗത്തെത്തിയിട്ടുണ്ട്. യുക്രെയ്ന് പരസ്യ പിന്തുണ നല്‍കിയ അദ്ദേഹം റഷ്യയോടുള്ള എതിര്‍പ്പും പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യുക്രെയ്ന് തന്റെ സ്പേസ് എക്സിന് കീഴിലെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴി തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയും ചെയ്തിരുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ മറ്റൊരു ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക് ഇപ്പോള്‍. റഷ്യക്ക് അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റുകള്‍ കൊണ്ട് തകര്‍ത്തുകളയാന്‍ കഴിയുമെന്നാണ് മസ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.

”അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റിനുള്ളില്‍ ആണവ മിസൈലുകള്‍ ഉപയോഗിച്ച്‌ പൂര്‍ണ്ണമായും നശിപ്പിക്കാനുള്ള കഴിവ് റഷ്യക്കുണ്ട്, അതുപോലെ തിരിച്ചും. ഒരു വലിയ വിഭാഗം ആളുകള്‍ക്ക് ഇത് അറിയില്ല. തീര്‍ച്ചയായും, അവ ഉപയോഗിക്കുന്നത് ഭ്രാന്തമായ കാര്യമാണ്, പക്ഷേ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥയില്‍ നാമെത്തിയതും ഒരുതരം ഭ്രാന്താണ്”. -മസ്ക് ട്വീറ്റ് ചെയ്തു. ന്യായബോധമുള്ള ആളുകളുമായാണ് നാം ഇടപഴകുന്നതെങ്കില്‍ ഇവിടെ യുദ്ധമുണ്ടാകുമായിരുന്നില്ലെന്ന് മസ്ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, യുക്രെയ്നില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന്റെ ചെലവ് ഇനിയും തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് മസ്ക് അറിയിച്ചിരിക്കുകയാണ്. റഷ്യയുടെ ആക്രമണം കാരണം ഗതാഗത-ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന യുക്രെയ്ന് സ്റ്റാര്‍ലിങ്ക് വഴിയുള്ള ഇന്റര്‍നെറ്റ് സേവനം ഏറെ ആശ്വാസമാണ് നല്‍കുന്നത്.

 

Top