മാധ്യമ പ്രവര്‍ത്തകര്‍ക്ക് ‘എക്സി’ല്‍ വലിയ ഓഫറുമായി ഇലോണ്‍ മസ്ക് രംഗത്ത്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് എക്സ് (ട്വിറ്റര്‍) ഉടമയായ ഇലോണ്‍ മസ്ക്. നേരിട്ട് എക്സില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന വരുമാനവും കൂടുതല്‍ സ്വാതന്ത്രവും നല്‍കുമെന്നാണ് മസ്കിന്റെ വാഗ്ദാനം. എക്സിലൂടെ തന്നെയാണ് അദ്ദേഹം ഇത് സംബന്ധിച്ച വാഗ്ദാനം നല്‍കിയത്.

“എഴുതാനുള്ള കൂടുതല്‍ സ്വാതന്ത്ര്യവും ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകനാണ് നിങ്ങളെങ്കില്‍ നേരിട്ട് ഈ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കൂ” എന്നാണ് മസ്കിന്റെ വാക്കുകള്‍. മാധ്യമ സ്ഥാപനങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെയ്ക്കുന്ന ലേഖനങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ അനുവദിക്കുന്ന പദ്ധതികളെ കുറിച്ച് ഇലോണ്‍ മസ്ക് നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഓരോ ലേഖനവും വായിക്കുന്നതിന് പ്രത്യേകമായി പണം ഈടാക്കും. ഇതിന് പുറമെ മാസ അടിസ്ഥാനത്തില്‍ പണം ഈടാക്കുന്ന പദ്ധതികളും എക്സില്‍ ഉണ്ടാവുമെന്നാണ് സൂചന. പ്രതിമാസ സബ്‍സ്ക്രിപ്ഷന്‍ എടുക്കാത്തവരില്‍ നിന്ന് ഓരോ ലേഖനങ്ങള്‍ക്കും വീതം പണം ഈടാക്കുമ്പോള്‍ വലിയ തുക ഈടാക്കേണ്ടി വരും. എന്നാല്‍ ഈ പദ്ധതിയുടെ മറ്റ് വിശദാംശങ്ങളോ തുടര്‍ നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നാണ് വിവരം.

Top