ട്വിറ്റര്‍ ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് ഇലോണ്‍ മസ്‍ക്

വാഷിങ്ടൺ: ട്വിറ്ററുമായുള്ള കരാർ താൽക്കാലികമായി നിർത്തിവച്ചെന്ന് ഇലോൺ മസ്‍ക്. വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ച കണക്കുകളുടെ വിശദാംശങ്ങൾ തീർപ്പാകാത്തതിനെ തുടർന്നാണ് നടപടി. മസ്‍കിന്റെ അറിയിപ്പിന് പിന്നാലെ പ്രീമാർക്കറ്റിങ് ട്രേഡിങ്ങിൽ കമ്പനിയുടെ ഓഹരി 20 ശതമാനം ഇടിഞ്ഞു.

ഉപയോക്താക്കളിൽ അഞ്ച് ശതമാനം വ്യാജ/ സ്പാം അക്കൗണ്ടുകളാണെന്ന കണക്കുകൾ കമ്പനി ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ച് ഏകദേശ കണക്കുകൾ മാത്രമാണെന്നും യഥാർത്ഥ സംഖ്യ ഇതിലും ഉയർന്നതാകാമെന്നും ട്വിറ്റർ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് കണക്കുകൾ പരിശോധിക്കണമെന്ന് മസ്‍ക് ആവശ്യപ്പെട്ടത്.

ഉപഭോക്തൃ വിവരങ്ങളിൽ സമീപകാലത്ത് ട്വിറ്റർ പുറത്തുവിട്ട കണക്കുകളിൽ കാര്യമായ പിഴവുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മൂന്നു വർഷത്തോളമായി, പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം യഥാർത്ഥ സംഖ്യയെക്കാൾ കൂടുതലായാണ് കണക്കാക്കിയതെന്ന് ട്വിറ്റർ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ 1.9 ദശലക്ഷം അധിക ഉപഭോക്താക്കളാണ് ട്വിറ്ററിനുണ്ടായിരുന്നത്.

Top