ഭരണരംഗത്ത് 70ന് മുകളില്‍ പ്രായമുള്ളവര്‍ വേണ്ടെന്ന് എലോണ്‍ മസ്‌ക്

ഇനി മുതല്‍ ഭരണരംഗത്ത് 70ന് മുകളില്‍ പ്രായമുള്ളവര്‍ വേണ്ടെന്ന് എലോണ്‍ മസ്‌ക്. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് 70 വയസ് പരമാവധി പ്രായപരിധിയായി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. എന്നാല്‍ ഏതെങ്കിലും നേതാവിനെ എലോണ്‍ മസ്‌ക് പരാമര്‍ശിച്ചിട്ടില്ല.

അതേസമയം നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അടക്കം ലോകത്തെ ഭരണാധികാരികളില്‍ നല്ലൊരു ശതമാനവും വയോധികരാണെന്നത് എലോണ്‍ മസ്‌കിന്റെ ട്വീറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മസ്‌കുമായി കൊമ്പുകോര്‍ത്ത അമേരിക്കന്‍ സെനറ്റര്‍ ബെര്‍ണി സാന്റേര്‍സിന് ഇപ്പോള്‍ 80 വയസുണ്ട്.

അമേരിക്കന്‍ അതിസമ്പന്നര്‍ തങ്ങളുടെ വരുമാനത്തില്‍ നിന്ന് മാന്യമായ വിഹിതം സര്‍ക്കാരിലേക്ക് നികുതിയായി അടയ്ക്കണമെന്ന് ബെര്‍ണി സാന്റേര്‍സ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു. അല്‍പ്പം ക്രൂരമായാണ് ഇതിനോട് മസ്‌ക് പ്രതികരിച്ചത്. നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ഞാന്‍ ഇടയ്ക്കിടയ്ക്ക് മറന്നുപോകുന്നുവെന്നായിരുന്നു മറുപടി.

Top