ജെഫ് ബെസോസിനെ പിന്തള്ളി ലോക കോടീശ്വര കിരീടം ചൂടി ഇലോൺ മസ്ക്

ന്യൂയോർക്: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ടെസ്‌ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. 185 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഓഹരി വിപണിയിൽ 4.8 ശതമാനം ഉയര്‍ന്നതോടെയാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ വര്‍ധനവുണ്ടായത്. 188.5 ബില്ല്യണായാണ് മസ്‌കിന്റെ ആസ്തി ഉയര്‍ന്നത്. ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍ അധികമാണിത്. 2017 മുതല്‍ ബേസോസ് നിലനിർത്തിയ സ്ഥാനമാണ് ഇപ്പോൾ ഇലോൺ മസ്കിന്റെ കൈകളിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 150 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് മസ്‌കിനുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണിത്. ഇക്കാലയളവില്‍ ടെസ്‌ലയുടെ ഓഹരിവില 743 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം വെറും അഞ്ച് ലക്ഷം കാറുകള്‍ മാത്രമാണ് ടെസ്‌ല നിര്‍മ്മിച്ചത്. 700 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്​ലയ്ക്ക് നിലവിൽ ഉള്ളത്. അതിസമ്പന്നൻമാരിൽ താൻ ഒന്നാമതെത്തിയ വാർത്ത വിചിത്രമെന്ന കുറിപ്പോടെയാണ് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്ക് പങ്കുവച്ചത്.

Top