ഇരുപത്തിയഞ്ജ് ഡോളറിന്റെ ഉപകരണം വെച്ച് ഇലോൺ മസ്‌ക്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഹാക്ക് ചെയ്തു

ലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സൈബർ-സുരക്ഷാ ഗവേഷകൻ കേവലം 25 ഡോളറിന് വീട്ടിൽ നിർമിച്ച ഉപകരണം ഉപയോഗിച്ചാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സിസ്റ്റം ഹാക്ക് ചെയ്തത് എന്നാണ് റിപ്പോർട്ട് പറയുന്നത്.

ലെനർട്ട് വൗട്ടേഴ്‌സ് എന്ന ആളാണ് ഇന്റർനെറ്റ് ഹാക്ക് ചെയ്തത്. ബെൽജിയൻ സുരക്ഷാ ഗവേഷകനാണ് ഇയാൾ. വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സ്റ്റാർലിങ്കിന്റെ ഉപയോക്തൃ ടെർമിനലുകളോ സാറ്റലൈറ്റ് സംവിധാനങ്ങളോ ആദ്യമായാണ് ഒരു ഗവേഷകൻ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തുന്നത്.

യുഎസിലെ ലാസ് വെഗാസിൽ നടന്ന ബ്ലാക്ക് ഹാറ്റ് സെക്യൂരിറ്റി കോൺഫറൻസിൽ വൗട്ടേഴ്‌സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സിസ്റ്റം വിജയകരമായി ഹാക്ക് ചെയ്‌ത ഹോം മെയ്ഡ് ഉപകരണം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രത്യേകം സംവിധാനം ഉപയോഗപ്പെടുത്തി സ്റ്റാർലിങ്ക് നെറ്റ്‌വർക്കിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പാർട്സുകൾ ഉപയോഗിച്ചാണ് അദ്ദേഹം ഹാക്ക് ചെയ്യാനുള്ള മോഡ്ചിപ്പ് വികസിപ്പിച്ചെടുത്തത്. ബഗ് ബൗണ്ടി പ്രോഗ്രാമിലൂടെയാണ് സ്പേസ് എക്‌സിന്റെ സുരക്ഷാവീഴ്ച വൗട്ടേഴ്‌സ് വെളിപ്പെടുത്തിയത്. എന്നാല്‍, പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ചതിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

വിദൂര സ്ഥലങ്ങളിൽ ഇന്റർനെറ്റ് നൽകുന്നതിനായി മസ്‌കിന്റെ സ്റ്റാർലിങ്ക് 3,000 ലധികം ചെറിയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. അതേസമയം,‌ റഷ്യയിൽ നിന്നുള്ള എല്ലാ സൈബർ ആക്രമണങ്ങളെയും സ്റ്റാർലിങ്ക് പരാജയപ്പെടുത്തിയെന്നും സ്പേസ് എക്സ് അവകാശപ്പെട്ടു.

Top